ആടുജീവിതം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം . വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. കഥാസംഗ്രഹം കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങ