ആടുജീവിതം

Image result for images of the story aadujeevitham


ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.

കഥാസംഗ്രഹം

കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു "ഭീകരരൂപി" ആയി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹം മരണപ്പെട്ടു. തുടർന്ന് മസറയിലെ മുഴുവൻ ജോലികളും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാൻ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല. മർദ്ദനം സ്ഥിരമായിരുന്നു.
ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകൾ നൽകി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ചകണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു.
ബത്‌ഹയിൽ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീർഘനാളത്തെ പരിചരണത്തിനൊടുവിൽ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാൻ വേണ്ടി പോലീസിൽ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങൾക്ക് ശേഷം നജീബിന്റെ അറബി ജയിലിൽ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ച് കൊണ്ടുപോയില്ല. കാരണം, നജീബ് അദ്ദേഹത്തിന്റെ വിസയിലുള്ള ആളായിരുന്നില്ല. തുടർന്ന്, ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടിൽ തിരിച്ചെത്തുന്നു.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്.നിയമാനുസൃതമുള്ള തന്റെ അറബാബായി കരുതി നജീബ് സഹിച്ച മനുഷ്യൻ യഥാർത്ഥത്തിൽ അവന്റെ അറബാബായിരുന്നില്ല എന്ന നോവലിന്റെ അവസാനഭാഗത്തെ തിരിച്ചറിയൽ നോവലിന്‌ ദാർശനികമായ ആഴം നൽകുന്നതായി ജമാൽ കൊച്ചങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റാർക്കോ കരുതി വച്ച വിധിയാണ്‌ നജീബിനു പേറേണ്ടി വന്നത്. യാതൊരു തെറ്റും ചെയ്യാത്തവന്റെ സഹനത്തെപ്പോലെ, അപാരമായ ദൈവകാരുണ്യത്തിന്റെ യുക്തിയെന്തെന്ന ചോദ്യമാണ്‌ ഇതുണർത്തുന്നത്. എല്ലാം പരീക്ഷണങ്ങളാണെന്നു വിചാരിക്കുന്ന വിശ്വാസിയായ നജീബ്, പരീക്ഷണങ്ങളെ സഹനബോധത്തോടെ നേരിട്ട് അതിജീവിക്കുന്നുണ്ടെങ്കിലും, ജീവിതത്തിന്റെ പ്രഹേളികാസ്വഭാവം ഉയർത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദേശത്തിന്റെ കഥ

തള്ളവിരലില്ലാത്ത ഗ്രാമം